Governance

Scheme By Law

The official by-law and guidelines that govern the Karunya Hastham Family Security Scheme.

Last updated: 26 Jun 2026, 2:44 pm

കാരുണ്യ ഹസ്‌തം കുടുംബ സുരക്ഷാ & പെൻഷൻ പദ്ധതി

പ്രധാന അറിയിപ്പ്: അപേക്ഷാ ഫോറത്തിൽ നൽകിയ സംക്ഷിപ്‌ത नियമാവലിയുടെ സമ്പൂർണ്ണ രൂപവും അനുബന്ധ മാർഗ നിർദേശങ്ങളും www.kmcconline.info എന്ന വെബ്സൈറ്റിൽ വായിച്ചു ബോധ്യപ്പെട്ട ശേഷം മാത്രമേ അംഗമാകാവൂ. ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ലഭിക്കുമ്പോൾ അംഗത്വം നിയമാവലിക്ക് വിധേയമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമേ പരിഗണിക്കപ്പെടുകയുള്ളു. സാധുവല്ലാത്ത അംഗത്വം യാതൊരു ആനുകൂല്യത്തിനും പരിഗണിക്കുന്നതല്ല. 

1. ഉദ്ദേശ ലക്ഷ്യങ്ങൾ

  • ആകസ്മിക മരണത്തിനു വിധേയരാവുന്ന പ്രവാസിയുടെ കുടുംബത്തിന് ഒരു കൈത്താങ്ങ്.
  • മാരകമായ രോഗങ്ങൾക്കും ജോലി ചെയ്ത് ജീവിക്കാനാവാത്ത വിധം അപകടത്തിന് വശംവദരാവുന്ന പ്രവാസികൾക്ക് ചികിത്സാ സഹായം.
  • പ്രവാസം നിർത്തി നാട്ടിൽ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന മുൻ പ്രവാസി സുഹൃത്തുക്കൾക്ക് പെൻഷൻ സഹായം.
  • ജിദ്ദയിലെ പ്രവാസികൾക്കായി ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി കഴിഞ്ഞ 16 വർഷമായി നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനം. ഇത് അംഗങ്ങൾ സന്തോഷത്തോടെ നൽകുന്ന സംഭാവന (പ്രീമിയം) ആയി സ്വരൂപിക്കുന്നതാണ്.

2. പദ്ധതിയിൽ അംഗത്വം (സാധാരണ വ്യവസ്ഥകൾ)

  • യോഗ്യത: ജിദ്ദയിൽ ഇഖാമ സഹിതം നിയമാനുസൃതം ജോലി നോക്കുന്ന കെ.എം.സി.സി. പ്രവർത്തകർക്കും അനുഭാവികൾക്കും, തീവ്രവാദമോ വർഗീയതയോ പ്രോത്സാഹിപ്പിക്കാത്ത, കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താൽപ്പര്യമുള്ള, മുസ്ലിം ലീഗ് പ്രസ്ഥാനത്തോട് ശത്രുത പുലർത്താത്ത ജാതി മത ഭേദമന്യ ഏതൊരു കേരളീയനും പദ്ധതിയിൽ അംഗമാകാം.
  • അപേക്ഷിക്കുന്ന രീതി: ജിദ്ദ കെ.എം.സി.സി.യുടെ കീഴ് ഘടകങ്ങളായ ഏരിയ, പഞ്ചായത്ത്, മണ്ഡലം, ജില്ല എന്നീ ഏതെങ്കിലും കമ്മിറ്റികളുടെ ശുപാർശ പ്രകാരം അതാത് വർഷത്തെ അപേക്ഷാ ഫോറം വഴിയോ ഓൺലൈൻ ആയോ കോർഡിനേറ്റർമാർ മുഖേന അപേക്ഷ നൽകണം.
  • അംഗത്വ ഫീസ്:
    • ഒരാൾക്ക് 60 റിയാൽ.
    • പ്രവാസികൾക്ക് ഭാര്യയെ ചേർക്കുന്നതിന് മറ്റൊരു ഫോം കൂടി പൂരിപ്പിച്ചു 50 റിയാൽ അധികം നൽകണം (സ്വന്തം അല്ലെങ്കിൽ ആശ്രിത ഇഖാമയിൽ WITH SPOUSE എന്ന് തിരഞ്ഞെടുക്കണം).
  • കാലാവധി: എല്ലാ വർഷവും ഡിസംബർ 31 വരെയാണ് പദ്ധതിയുടെ കാലാവധി. വർഷാവസാനം നിശ്ചിത ഫീസ് നൽകി പുതുക്കാവുന്നതാണ്. ഒരാൾക്ക് പരമാവധി ഒരു അംഗത്വം മാത്രമേ സാധുവാകൂ.
  • ഇടവിട്ട് ചേരുന്നവർ/പുതിയവർ: മുൻവർഷ തുടർച്ചയില്ലാതെ പുതുതായി ചേരുന്നവരുടെയും ഇടവിട്ട് ചേരുന്നവരുടെയും (കുടുംബിനികൾ ഉൾപ്പെടെ) അംഗത്വ കാലാവധി പ്രസ്തുത വർഷം മാർച്ച് 1 മുതൽ ഡിസംബർ 31 വരെ മാത്രമായിരിക്കും. മാർച്ച് 1-ന് മുമ്പ് നടക്കുന്ന അത്യാഹിതങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല.

3. എക്സ്-പ്രവാസി (Ex-Pravasi) അംഗത്വം

  • അർഹത: പ്രവാസി ആയി ചുരുങ്ങിയത് 3 വർഷമെങ്കിലും തുടർച്ചയായി പദ്ധതിയിൽ അംഗമായിരുന്ന്, ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ചുപോയവർക്ക് മാത്രമേ നാട്ടിൽ നിന്നും അംഗത്വം പുതുക്കാൻ അനുവാദമുള്ളൂ.
  • സമയപരിധി: സൗദി അറേബ്യയിൽ നിന്നും പോന്ന ശേഷം 3 വർഷമോ കൂടുതലോ നാട്ടിൽ വെച്ച് പദ്ധതിയിൽ ചേരാത്തവർക്ക് പിന്നീട് അംഗത്വം പുതുക്കാൻ സാധ്യമല്ല (തുടർച്ചയായി 3 വർഷം പുതുക്കാതിരുന്നാലും അർഹത നഷ്ടപ്പെടും).
  • സംഭാവന വിഹിതം: 2026 വർഷം മുതൽ എക്സ്-പ്രവാസി അംഗത്തിന് 1,400 രൂപയാണ് സംഭാവന.
  • രജിസ്‌ട്രേഷൻ രീതി: ജിദ്ദയിലെ ബന്ധപ്പെട്ട കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇഖാമ നമ്പർ നൽകി അർഹത ഉറപ്പുവരുത്തിയ ശേഷം കോർഡിനേറ്റർ വഴി ഓൺലൈനിൽ 'എക്സ് പ്രവാസി' ഓപ്ഷൻ സെലക്ട് ചെയ്യണം. തുടർന്ന് നാട്ടിലെ പദ്ധതി അക്കൗണ്ടിൽ 1400 രൂപ അടച്ച റെസിപ്റ്റ് (ട്രാൻസാക്ഷൻ റഫറൻസ് നമ്പറും തീയതിയുമുള്ളത്) ജിദ്ദയിലെ കോർഡിനേറ്റർ വഴി സെൻട്രൽ കമ്മിറ്റിയിൽ എത്തിച്ച് അപ്രൂവൽ വാങ്ങണം.
  • കുടുംബിനികൾക്ക് വിലക്ക്: എക്സ്-പ്രവാസികൾക്ക് ഭാര്യമാരുടെ അംഗത്വം പുതുക്കാനോ പുതുതായി ചേർക്കാനോ അനുവാദമില്ല.

4. പദ്ധതി ആനുകൂല്യങ്ങളും അർഹതയും

എക്സ്-പ്രവാസികളിൽ 60 വയസും 5 വർഷത്തെ അംഗത്വവും പൂർത്തിയായവർ പെൻഷൻ സ്കീമിലും, മറ്റുള്ളവർ സുരക്ഷാ സ്കീമിലും ഉൾപ്പെടും.

എ) പ്രവാസി പെൻഷൻ പദ്ധതി

  • പെൻഷൻ തുക: അർഹരായവർക്ക് മാസാന്തം 1,000 രൂപ പെൻഷൻ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
  • മരണാനന്തര ആനുകൂല്യം (പെൻഷൻകാർക്ക്): 2026 മുതൽ പെൻഷൻകാർക്ക് പെൻഷന് പുറമെ മരണാനന്തര സഹായവും ലഭിക്കും (നാളിതുവരെ വാങ്ങിയ പെൻഷൻ തുക കിഴിച്ചായിരിക്കും ഇത് നൽകുക).
    • 2015 മുതൽ 10 വർഷമോ അതിലധികമോ അംഗത്വമുള്ളവർക്ക്: 5 ലക്ഷം രൂപ.
    • 5 വർഷം മുതൽ 9 വർഷം വരെ അംഗത്വമുള്ളവർക്ക്: 3 ലക്ഷം രൂപ.
  • പ്രത്യേക നിബന്ധന: പെൻഷൻ സ്കീമിലുള്ളവർ ചികിത്സാ ആനുകൂല്യത്തിന് അർഹരല്ല. എല്ലാ വർഷവും ക്യാമ്പയിൻ സമയത്ത് നിർബന്ധമായും അംഗത്വം പുതുക്കണം, ഇല്ലെങ്കിൽ പെൻഷനും മരണാനന്തര ആനുകൂല്യവും നഷ്ടപ്പെടും.

ബി) മരണാനന്തര ആനുകൂല്യം (സുരക്ഷാ പദ്ധതി അംഗങ്ങൾക്ക്)

അംഗത്വം സാധുവായ കാലയളവിൽ മരണപ്പെടുന്ന സുരക്ഷാ പദ്ധതി അംഗങ്ങളുടെ ആശ്രിതർക്ക് (2015 മുതലുള്ള continuous വർഷങ്ങൾ കണക്കാക്കി) താഴെ പറയുന്ന തുക ലഭിക്കും:

  • മുഴുവൻ വർഷവും അംഗത്വമുള്ളവർക്ക്: 8 ലക്ഷം രൂപ (പരമാവധി ആനുകൂല്യം).
  • ഒരു വർഷം മാത്രം കുറവുള്ളവർക്ക്: 6 ലക്ഷം രൂപ.
  • തുടർച്ചയായ 4 മുതൽ 9 വർഷം വരെ: 5 ലക്ഷം രൂപ.
  • തുടർച്ചയായ 2-ഉം 3-ഉം വർഷം ഉള്ളവർക്ക്: 3 ലക്ഷം രൂപ.
  • ആദ്യ വർഷക്കാർക്ക്: 2 ലക്ഷം രൂപ.

സി) ചികിത്സാ ആനുകൂല്യം (സുരക്ഷാ പദ്ധതി അംഗങ്ങൾക്ക്)

  • ബാധകമായ രോഗങ്ങൾ: സുരക്ഷാ അംഗത്വം സാധുവായ കാലയളവിൽ പുതുതായി കണ്ടെത്തുന്ന കാൻസർ, സ്ട്രോക്ക്, കിഡ്നി മാറ്റിവെക്കൽ, ഡയാലിസിസ്, ഹൃദയസംബന്ധമായ സർജറികൾ, ജോലി ചെയ്ത് ജീവിക്കാൻ പറ്റാത്ത വിധത്തിലുള്ള അപകടങ്ങൾ മൂലമുള്ള സർജറികൾ എന്നിവയ്ക്ക് സഹായം ലഭിക്കും.
  • സഹായ ധനം: പരമാവധി ചികിത്സാ സഹായം 50,000 രൂപ. ബൈലോ പരിധിയിൽ വരാത്ത മറ്റ് അസുഖങ്ങൾക്ക് (ചികിത്സാ ചെലവ് മിനിമം ഒരു ലക്ഷമോ അതിലധികമോ ആണെങ്കിൽ) ബില്ലിന്റെ 10% വും പരമാവധി 20,000 രൂപയും ലഭിക്കും.
  • വ്യവസ്ഥകൾ: ഒരേ രോഗത്തിന് ഒരു തവണ മാത്രമേ സഹായം നൽകൂ. ചികിത്സാ സഹായം കൈപ്പറ്റിയ അംഗം ആ വർഷം മരണപ്പെട്ടാൽ പ്രസ്തുത തുക കുറച്ചേ മരണാനന്തര ആനുകൂല്യം നൽകൂ.

ഡി) ഫൈനൽ എക്സിറ്റ് ആനുകൂല്യം

2026 ജനുവരി 1 മുതൽ ഫൈനൽ എക്സിറ്റിൽ പോകുന്ന സൗദി നാഷണൽ കെ.എം.സി.സി അംഗത്വമുള്ളവർക്ക്:

  • 10 വർഷമോ അതിലധികമോ (2015 മുതൽ) സുരക്ഷാ പദ്ധതി അംഗത്വമുള്ളവർക്ക്: 25,000 രൂപ.
  • 5 മുതൽ 9 വർഷം വരെ അംഗത്വമുള്ളവർക്ക്: 10,000 രൂപ.
  • മിനിമം യോഗ്യത 5 വർഷത്തെ സുരക്ഷാ പദ്ധതി അംഗത്വവും നിലവിലെ കെ.എം.സി.സി മെമ്പർഷിപ്പും ആയിരിക്കും. ഒരാൾക്ക് ജീവിതത്തിൽ ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

5. പ്രധാന നിയമാവലികളും വിലക്കുകളും (Critical Exclusions)

  • മുൻകാല രോഗങ്ങൾ (Pre-existing Illness): പദ്ധതിയിൽ അംഗമാകുന്നതിന് മുൻപോ, ഇടക്കാലത്ത് അംഗത്വമില്ലാത്ത വർഷങ്ങളിലോ കണ്ടെത്തിയ രോഗങ്ങൾക്കോ അതിനുള്ള ചികിത്സയ്ക്കോ അത് മൂലം സംഭവിക്കുന്ന മരണത്തിനോ യാതൊരു ആനുകൂല്യവും ലഭിക്കില്ല.
  • ആത്മഹത്യ (Suicide): ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് യാതൊരു കാരണവശാലും സാമ്പത്തിക സഹായം നൽകുന്നതല്ല.
  • സൗദിയിൽ ഹാജരുണ്ടാകണം: ആദ്യമായി പദ്ധതിയിൽ ചേരുന്ന വ്യക്തി നിർബന്ധമായും അപേക്ഷ നൽകുന്ന സമയത്ത് സൗദി അറേബ്യയിൽ ഉണ്ടായിരിക്കണം. നാട്ടിൽ പോയ ശേഷം മറ്റാരെങ്കിലും പേരെഴുതി ചേർത്താൽ ആനുകൂല്യം ലഭിക്കില്ല.
  • വ്യാജ അംഗത്വം/രേഖകൾ: ആനുകൂല്യം തട്ടിയെടുക്കാൻ വേണ്ടി രോഗികളെ അംഗമാക്കുകയോ വ്യാജ രേഖകൾ ചമയ്ക്കുകയോ ചെയ്താൽ അംഗത്വം റദ്ദാക്കുകയും ഭാവിയിൽ പദ്ധതിയിൽ ചേരുന്നതിൽ നിന്ന് അയോഗ്യരാക്കുകയും ചെയ്യും.
  • സ്റ്റാറ്റസ് 'ആക്ടീവ്' ആകണം: അപേക്ഷയും സംഭാവനയും നൽകി വെബ്‌സൈറ്റിൽ സ്റ്റാറ്റസ് "Active" ആയെങ്കിൽ മാത്രമേ അംഗമായി പരിഗണിക്കൂ. അപേക്ഷ കീഴ്ഘടകങ്ങളെ ഏൽപ്പിച്ചു എന്നതോ, വെബ്‌സൈറ്റിൽ 'Pending' അവസ്ഥയിൽ കിടക്കുന്നതോ ആയ സാഹചര്യങ്ങളിൽ അത്യാഹിതം സംഭവിച്ചാൽ സെൻട്രൽ കമ്മിറ്റി ഉത്തരവാദിയായിരിക്കില്ല.
  • ഇഖാമ കാലാവധി: നാട്ടിൽ അവധിക്ക് പോയവരിൽ ഇഖാമ വാലിഡിറ്റി കഴിയുന്നതിന് മുൻപ് 100% തിരിച്ചു വരുമെന്ന് ഉറപ്പുള്ളവരെ മാത്രമേ ചേർക്കാവൂ. നാട്ടിൽ വെച്ച് വിസ കാലാവധി കഴിഞ്ഞാൽ അംഗത്വം റദ്ദാകും.

6. ആനുകൂല്യങ്ങൾ ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകൾ

എ) മരണാനന്തര ആനുകൂല്യത്തിന്

  1. എംബസ്സി അല്ലെങ്കിൽ നാട്ടിലെ ലോക്കൽ ബോഡി നൽകുന്ന മരണ സർട്ടിഫിക്കറ്റ്.
  2. മരണ കാരണം വ്യക്തമാക്കുന്ന ആശുപത്രി റിപ്പോർട്ട് (തബ്ലീഗ് വഫാത്ത് / ഡിസ്ചാർജ് രേഖകൾ).
  3. ഇഖാമ കോപ്പി.
  4. പാസ്‌പോർട്ട് കോപ്പി (ഫസ്റ്റ് + ലാസ്റ്റ് പേജ്) ഒപ്പം അവസാന എക്സിറ്റ്/റീ-എൻട്രി എമിഗ്രേഷൻ സ്റ്റാമ്പ് പേജുകൾ.
  5. അവകാശിയുടെ പാൻ കാർഡ് / ആധാർ കാർഡ് കോപ്പി.

ബി) എക്സ്-പ്രവാസി പെൻഷൻ ലഭിക്കുന്നതിന്

  1. 1400 രൂപ പദ്ധതി അക്കൗണ്ടിൽ അടച്ച റെസിപ്റ്റ് (ട്രാൻസാക്ഷൻ നമ്പറും തീയതിയുമുള്ളത്).
  2. പാസ്‌പോർട്ട് ഫസ്റ്റ് & ലാസ്റ്റ് പേജ് കോപ്പി.
  3. ഫൈനൽ എക്സിറ്റിൽ പോയ തീയതി കാണിക്കുന്ന എമിഗ്രേഷൻ പേജ് കോപ്പി.
  4. ആധാർ, ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ ജനനത്തീയതി തെളിയിക്കുന്ന സർക്കാർ രേഖ (പാസ്‌പോർട്ടിൽ പ്രായം കൂട്ടി കാണിച്ചിട്ടുണ്ടെങ്കിൽ യഥാർത്ഥ വയസ്സ് ബോധ്യപ്പെടുത്താൻ സ്വന്തം സത്യവാങ്മൂലം നൽകണം).
  5. സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് കോപ്പി (മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് പെൻഷൻ ലഭിക്കില്ല).
  6. പാൻ കാർഡ് കോപ്പി.

സി) എക്സ്-പ്രവാസി സുരക്ഷാ സ്കീം അംഗങ്ങൾക്ക് (പെൻഷന് അർഹരല്ലാത്തവർ)

  1. 1400 രൂപ പദ്ധതി അക്കൗണ്ടിൽ അടച്ച റെസിപ്റ്റ്.
  2. പാസ്‌പോർട്ട് ഫസ്റ്റ്, ലാസ്റ്റ് പേജ് കോപ്പികൾ.
  3. പാസ്‌പോർട്ടിലെ അവസാന എമിഗ്രേഷൻ സീൽ പതിച്ച പേജിന്റെ കോപ്പി.

ഡി) ഫൈനൽ എക്സിറ്റ് ആനുകൂല്യത്തിന്

  1. ഫൈനൽ എക്സിറ്റ് വിസ കോപ്പി.
  2. സൗദി നാഷണൽ കെ.എം.സി.സി നിലവിലെ മെമ്പർഷിപ്പ് കോപ്പി.
  3. ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോയതും എത്തിയതുമായ എമിഗ്രേഷൻ സീലുള്ള പാസ്‌പോർട്ട് പേജുകൾ.
  4. പാൻ കാർഡ് / ആധാർ കാർഡ് കോപ്പി.

ഇ) ചികിത്സാ ആനുകൂല്യത്തിന്

  1. ഡിസ്ചാർജ് സമ്മറി റിപ്പോർട്ട് (ആശുപത്രിയിൽ നിന്ന് നൽകുന്ന രോഗവിവരങ്ങളും ചികിത്സാ വിശദാംശങ്ങളുമുള്ള റിപ്പോർട്ട് - നിർബന്ധം).
  2. ഡിസ്ചാർജ് പേയ്‌മെന്റ് ഫൈനൽ ബിൽ (മറ്റ് മരുന്ന് ബില്ലുകളോ ലാബ് ബില്ലുകളോ ആവശ്യമില്ല).
  3. ഡോക്ടറുടെ പ്രത്യേക സർട്ടിഫിക്കറ്റ് (ബൈലോയിൽ പറയാത്ത മറ്റ് പ്രധാന അസുഖങ്ങൾക്കാണെങ്കിൽ).
  4. ഇഖാമ കോപ്പി, പാസ്‌പോർട്ട് മുൻ-പിൻ പേജുകൾ, അവസാന എമിഗ്രേഷൻ സ്റ്റാമ്പ് പേജുകൾ.
  5. പാൻ കാർഡ് / ആധാർ കാർഡ് കോപ്പി.

7. അന്തിമ തീരുമാനം (Disclaimer)

ഇതൊരു ഇൻഷുറൻസ് പരിരക്ഷയല്ല, മറിച്ച് പ്രവാസി സഹോദരങ്ങളുടെ ദുരിതങ്ങളിൽ പങ്കാളികളാകാൻ നൽകുന്ന ഒരു പരസ്പര സഹായ ഫണ്ടാണ്. അംഗത്വം നൽകുന്നതിലും ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലും വ്യക്തമായ കാരണങ്ങളാൽ അവ റദ്ദ് ചെയ്യുന്നതിലുമുള്ള പൂർണ്ണമായ അധികാരം ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിയിൽ മാത്രം നിക്ഷിപ്തമാണ്. കമ്മിറ്റിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.